Kerala

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം; വനമേഖലയിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കും

keralanews babus health condition is satisfactory forest department will file case against babu for trespassing in the forest area

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങി രക്ഷപ്പെട്ട ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാർഡിലേക്ക് മാറ്റുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.രാവിലെ നടത്തുന്ന പരിശോധനകൾക്ക് ശേഷമാണ് വാർഡിലേക്ക് മാറ്റുക. ഉമ്മ റഷീദയും സഹോദരനും ബാബുവിനെ സന്ദർശിച്ചു. നാൽപത്തിയെട്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.അതേസമയം ബാബുവിനെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് കേരളാ ഫോറസ്റ്റ് ആക്‌ട് സെക്ഷന്‍ 27 പ്രകാരം ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുക്കുക.ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും.ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി.ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച്‌ സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ രാവിലെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്.

Previous ArticleNext Article