കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാംപിളുകൾ ശേഖരിച്ചു. സാംപിളുകൾ ഫോറെൻസിക് പരിശോധനയ്ക്ക് അയക്കും. ഒരാഴ്ച്ചയ്ക്കകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് വിവരം. ആലുവയിലെ ദിലീപിന്റെ വീട്ടിൽ വെച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകൾ കേസിലെ നിർണ്ണായ തെളിവാണ്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും ഉൾപ്പെടുന്ന സംഭാഷണങ്ങളാണിവ. ഈ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായ തെളിയിക്കുകയാണ് ലക്ഷ്യം.നോട്ടീസ് നൽകിയ പ്രകാരം ദിലീപും അനൂപും സുരാജും 11 മണിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി. സ്റ്റുഡിയോയിൽ ശബ്ദം റെക്കോർഡ് ചെയ്യുകയും ഇത് തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിലേക്ക് അയക്കുകയും ചെയ്യും. ക്ലിപ്പിലുള്ള ശബ്ദം തന്റേത് തന്നെയാണെന്ന് ദിലീപ് സമ്മതിച്ചിരുന്നു. എല്ലാം ശാപവാക്കുകളാണെന്നായിരുന്നു ദിലീപ് അറിയിച്ചത്.