തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഓൺലൈനായാണ് യോഗം ചേർന്നത്. സ്കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. കൊറോണ വ്യാപനത്തെ തുടർന്ന് ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.കൊറോണ വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേയ്ക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തിൽ അടച്ചിടൽ കുറച്ച് കൂടി നീട്ടുകയായിരുന്നു. നിലവിൽ വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തീരുമാനമായത്.