Kerala, News

തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി; ആറ്റുകാൽ പൊങ്കാല വീടുകൾ കേന്ദ്രീകരിച്ച്;ഞായറാഴ്ച ലോക്ഡൗൺ തുടരാനും അവലോകന യോഗത്തിൽ തീരുമാനം

keralanews thiruvananthapuram district excluded from c category sunday lockdown continues decision in review meeting

തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയിൽ ഉണ്ടാകുക.മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസർകോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തത്. മറ്റ് ജില്ലകൾ എല്ലാം ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊറോണ പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാകുകയുള്ളൂ.അതേസമയം, കൊറോണ വ്യാപനത്തെ തുടർന്ന് ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് നൽകും. പ്രാർത്ഥനയ്‌ക്കായി ആരാധനാലയങ്ങളിൽ 20 പേർക്ക് പങ്കെടുക്കാൻ അനുമതി നൽകി. ഞായറാഴ്ച നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അവലോകന യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ കൊറോണ കണക്കുകൾ കൂടുതൽ കുറയുന്ന മുറയ്‌ക്ക് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കൊണ്ട് വരുമെന്നും സർക്കാർ നിലപാട് വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല ഇത്തവണയും വീടുകൾ കേന്ദ്രീകരിച്ച് നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ വരെ അനുവദിച്ചേക്കും. ആരേയും റോഡിൽ പൊങ്കാലയിടാൻ അനുവദിക്കില്ലെന്നും അവലോകന യോഗത്തിൽ തീരുമാനമായി.

Previous ArticleNext Article