തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെ വിശേഷ ദിവസങ്ങളിൽ ഇനി അവധി ഉറപ്പാക്കും.ഇതിനായി ആ ദിവസങ്ങൾ ഏതൊക്കെ എന്നതിന്റെ രജിസ്റ്റർ സ്റ്റേഷനിൽ സൂക്ഷിക്കും.കണ്ണൂർ റെയ്ഞ്ചിൽ പെടുന്ന ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.റേഞ്ച് ഡിഐജി രാഹുൽ ആർ നായർ ഇത് സംബന്ധിച്ച സർക്കുലർ എല്ലാ സ്റ്റേഷനുകൾക്കും കൈമാറി.സംസ്ഥാനത്താകെ തുടർന്ന് നടപ്പാക്കാനാണ് പദ്ധതി.പോലീസുദ്യോഗസ്ഥരുടെ ജന്മദിനം, കുട്ടികളുടെ ജന്മദിനം, ഭർത്താവ്/ ഭാര്യയുടെ ജന്മദിനം, വിവാഹവാർഷികം എന്നീ ദിവസങ്ങളിൽ അവധി ആവശ്യപ്പെടുമ്പോൾ ഒഴിച്ചുകൂടാനാകാത്ത സംഭവങ്ങളില്ലെങ്കിൽ അവധി നിർബന്ധമായും നല്കണമെന്നാണ് നിർദേശം.പോലീസ് ഉദ്യോഗസ്ഥർ അവരുടെ വീട്ടിലെ ഇത്രയും വിശേഷ ദിനങ്ങൾ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് സ്റ്റേഷൻ ചുമതലയുള്ള ഓഫീസർക്ക് കൈമാറണം.സ്റ്റേഷൻ ഹൌസ് ഓഫീസർമാരുടെ ഈ രജിസ്റ്റർ ഡിഎസ്പി സൂക്ഷിക്കണം.എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കിയെന്ന് ഉറപ്പ് വരുത്താൻ എസ്പിയും ഡിഎസ്പിയും പരിശോധിക്കുകയും വേണം.
പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനങ്ങളെ ഉടൻതന്നെ രേഖാമൂലം അഭിനന്ദിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥർക്കോ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ വൈദ്യ സഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ ഇത് ലഭ്യമാക്കണം.അർഹിക്കുന്ന പരിഗണന ലഭിക്കേണ്ട ഇത്തരം അഭ്യർത്ഥനകൾ പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ് ആസ്ഥാനത്തെ വെൽഫെയർ ബ്യുറോകൾക്കും ലഭ്യമാക്കി താമസം കൂടാതെ സഹായം വാങ്ങി നൽകണം.പോലീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർധിപ്പിക്കണമെങ്കിൽ അവരുടെ മാനസികനില കൂടി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിനു മേലുദ്യോഗസ്ഥർ പിന്തുണ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.