മാനന്തവാടി: ഭൂരേഖകൾക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റൽ സർവേക്ക് മാനന്തവാടിയിൽ തുടക്കമായി.നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളിലേയും സർവേ നടപടികൾ പൂർത്തിയാക്കി റവന്യൂ വകുപ്പിന് രേഖകൾ കൈമാറാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയുടെയും ഡ്രോൺ സർവേക്കാണ് മാനന്തവാടിയിൽ തുടക്കം കുറിച്ചത്.ഡിജിറ്റൽ സർവേ രേഖകൾ യാഥാർഥ്യമാകുന്നതോടെ നിലവിലുള്ള ഭൂമിയുടെ സർവേ, സബ് ഡിവിഷൻ, തണ്ടപ്പേർ നമ്പറുകൾ കാലഹരണപ്പെടും. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി പുതിയ നമ്പർ നൽകും. ഇതോടെ റവന്യൂ,രജിസ്ട്രേഷൻ, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെൻറുകളിൽ നിന്നുള്ള സേവനങ്ങൾ എളുപ്പത്തിലാക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. രാജ്യമാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി പ്രകാരം രാജ്യത്തെ ഏഴു ലക്ഷം വില്ലേജുകളിൽ പദ്ധതിക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിനകം വയനാട് കൂടാതെ ആറ് ജില്ലകളിൽ നിലവിൽ സർവേ നടന്നുവരുന്നു.കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം,സംസ്ഥാന റവന്യൂ, സർവേ, പഞ്ചായത്ത് വകുപ്പുകൾ,സർവേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സർവേ നടത്തുന്നത്.അനുയോജ്യമായ ഭൂപ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തിയാണ് ഡ്രോൺ സർവേ. സ്ഥലമുടമകൾ അടയാളപ്പെടുത്തിയ അതിരുകൾ മാത്രമേ ഡ്രോൺ കാമറകൾക്ക് തിരിച്ചറിയാൻ കഴിയൂ.