Kerala, News

പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച്‌ വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി

keralanews d i g recalls policeman suspended by s p for stealing money through a t m card obtained from the accuseds sister

കണ്ണൂർ: പ്രതിയുടെ സഹോദരിയില്‍ നിന്ന് ലഭിച്ച എടിഎം കാര്‍ഡിലൂടെ പണം തട്ടിയെടുത്തതിന് എസ്പി പിരിച്ച്‌ വിട്ട പൊലീസുകാരനെ തിരിച്ചെടുത്ത് ഡിഐജി.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന ഇ.എൻ. ശ്രീകാന്തിനെയാണ് തിരിച്ചെടുത്തത്. പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിഐജിയുടെ പുതിയ ഉത്തരവ്.ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ബോധ്യമാകുന്നുണ്ടെന്നും എന്നാൽ സേനയിൽ തുടരാൻ അവസരം നൽകാവുന്നതായും കാണുന്നുണ്ട്. വരുംകാല വാർഷിക വേതന വർധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞുവെച്ചുകൊണ്ട് സേവനത്തിലേക്ക് തിരച്ചെടുക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.2021 ഏപ്രിലില്‍ പുളിപ്പറമ്പ്  സ്വദേശിനിയായ യുവതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ശ്രീകാന്ത് 50000ത്തോളം രൂപ പലതവണകളായി അപഹരിച്ചതായി പരാതി ഉയര്‍ന്നത്.യുവതിയുടെ സഹോദരന്‍ ഗോകുല്‍ കവര്‍ച്ച നടത്തിയ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പിന്‍വലിച്ച പണം സഹോദരിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതാണ് ശ്രീകാന്ത് അപഹരിച്ചതായി പരാതി ഉയര്‍ന്നത്.അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ശ്രീകാന്ത്, ഗോകുലിന്റെ സഹോദരിയിൽ നിന്ന് എടിഎം കാർഡിന്റെ പിൻ നമ്പർ വാങ്ങിയത്. ആദ്യം 9500 രൂപ പിൻവലിക്കുകയും , ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തുകയായിരുന്നു.പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഗോകുലിന്റെ സഹോദരി തളിപ്പറമ്പ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. തുടർന്ന് ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്തു. പിന്നാലെയാണ് സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.

Previous ArticleNext Article