തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും.മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആയിരുന്നു തീരുമാനം.ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ സേവനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അടുക്കളകള്‍ അടയ്ക്കുകയായിരുന്നു.അതേസമയം ജില്ലയിൽ വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികളുടെ പരിചരണത്തിനായി തദ്ദേശ സ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂമും ഗൃഹപരിചരണ കേന്ദ്രവും, ആവശ്യമെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രവും തുറക്കും. ആംബുലന്‍സ് സേവനവും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്താനായി കൊവിഡ് ദ്രുതകര്‍മ്മ സേനയുടെ സേവനം ഊര്‍ജ്ജിതപ്പെടുത്തും.