കോഴിക്കോട്:വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം കേസിൽ പെൺകുട്ടികളെ ചോദ്യം ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചതായി കുട്ടികൾ മൊഴിനൽകി. ബെംഗളൂരുവിൽ നിന്നും കുട്ടികളോടൊപ്പം പിടികൂടിയ യുവാക്കൾക്കെതിരെയാണ് മൊഴി.സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെയും കേസെടുക്കുമെന്നും ഇരുവരും പ്രതികളാകുമെന്നും പോലീസ് അറിയിച്ചു. ജുവനൈൽ ആക്ട്, പോക്സോ വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുക്കുക. ഇതിനിടെ പെൺകുട്ടികൾക്ക് യാത്രയ്ക്കായി പണം നൽകിയ യുവാവിനെയും പോലീസ് തിരിച്ചറിഞ്ഞു. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനാണ് പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.ഇതുപ്രകാരം യുവാവ് ഗൂഗിള്‍ പേ വഴി പണം കൈമാറുകയും ചെയ്തു. ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്. ചിക്കന്‍പോക്സ് പിടിപെട്ട് ചികിത്സയിലാണ് ഈ യുവാവ്. പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കടന്നുകളയുന്നതില്‍ യുവാവിന്റെ സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പുറത്തുകടന്നശേഷമാണ് പെണ്‍കുട്ടികള്‍ യുവാവിനെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്നാണ് സൂചന.അതേസമയം പിടികൂടിയ ആറ് പെൺകുട്ടികളിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. വിവിധയിടങ്ങളിൽ നിന്നായി പിടികൂടിയ ആറ് പെൺകുട്ടികളെയും നിലവിൽ കോഴിക്കോട്ടെത്തിച്ചതായി പോലീസ് വ്യക്തമാക്കി. എല്ലാവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.