കൊച്ചി: ട്രാക്ക് മാറുന്നതിനിടെ ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി.സിമന്റുമായെത്തിയ ട്രെയിനാണ് പാളം തെറ്റിയത്.മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.അവസാനത്തെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുകയായിരുന്നു. തൃശൂർ ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.സംഭവത്തെ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. വിവിധ സ്റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ ഇൻറർസിറ്റി, ഗുരുവായൂർ-തിരുവനന്തരം, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം തീവണ്ടികളാണ് റദ്ദാക്കിയത്.