കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഇവരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. മൂന്ന് ദിവസം 33 മണിക്കൂറാണ് അഞ്ച് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്.ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കും. ദിലീപിനും ക്രൈംബ്രാഞ്ച് സംഘത്തിനും ഒരുപോലെ നിര്‍ണായകമാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്. ഇത് പരിശോധിച്ച ശേഷമാകും കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുക.പരസ്പരമുള്ള സംസാരത്തിനപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ശ്രമം നടത്തിയെന്നു തെളിയിക്കുകയെന്നതാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി.കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കൂടുതൽ ചോദ്യം ചെയ്യലിനായി ഞായറാഴ്ച മുതൽ മൂന്ന് ദിവസം ദിലീപും മറ്റ് നാല് പ്രതികളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിടുകയായിരുന്നു.ജനുവരി 27 വരെ നടനെ അറസ്റ്റ് ചെയ്യരുതെന്നും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി ഉത്തരവിട്ടിരുന്നു.