കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തന്റെ മൊബൈല്‍ ഫോണുകള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് നടന് ദിലീപ് അറിയിച്ചു.ഫോണുകൾ ഹാജരാക്കാനാകില്ലെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിക്കും.ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകാൻ അഭിഭാഷകനെ ഏൽപ്പിച്ചിരിക്കുകയാണെന്നും ഡിജിറ്റിൽ പകർപ്പുകളെടുത്ത ശേഷം ഫോണുകൾ നൽകാമെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കലുകൾ നടത്തിയേക്കുമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണുകൾ ഹാജരാക്കാൻ ദിലീപ് തയ്യാറാവാത്തത്. അന്വേഷണ ഉദ്യോഗസ്ഥർ ദിലീപിനെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപിന്റെ നീക്കം.ദിലീപും, സഹോദരൻ അനൂപും, സഹോദരി ഭർത്താവ് സൂരജും ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ ഇന്ന് ഹാജരാക്കാനായിരുന്നു ക്രൈംബ്രാഞ്ച് നിർദ്ദേശം.ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ, പ്രതികൾ ഉപയോഗിച്ചിരുന്ന അഞ്ച് ഫോണുകൾ മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടെന്നുമാണ് അന്വേഷണ സംഘം പറയുന്നത് . ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ അന്വേഷണ സംഘം ഫോണുകൾ പിടിച്ചെടുത്തിരുന്നു.ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കാത്ത പക്ഷം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.