Kerala, News

ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ച അടച്ചിടാൻ നിർദ്ദേശം

keralanews educational institutions will be closed for two weeks if attendance is low

തിരുവനന്തപുരം: ഹാജർ കുറവാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലകളിലെ കൊറോണ വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എബിസി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും.സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കൊറോണ രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.കൊറോണ ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി പറഞ്ഞു.സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

Previous ArticleNext Article