കല്‍പറ്റ: വയനാട് ജില്ല ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികള്‍ ഉള്‍പ്പെടെ ഒരുവിധ കൂടിച്ചേരലുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ അനുവദിക്കില്ല.മതപരമായ ചടങ്ങുകളില്‍ പൊതുജനങ്ങള്‍ ഓണ്‍ലൈനായി മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂ.വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകള്‍ക്കു മാത്രമെ പ്രവേശനം അനുവദിക്കൂ.23, 30 തീയതികളില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് അനുമതി. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, റസ്റ്റാറന്‍റ്, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ മാത്രമെ അനുവദിക്കുകയുള്ളൂ.മാളുകളിലെ എല്ലാ ഷോപ്പുകളിലും സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍ എന്നിവ ഉപയോഗിച്ച് മാത്രമെ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിയും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഉറപ്പുവരുത്തണം.കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യന്‍ പകര്‍ച്ചവ്യാധി നിയമപ്രകാരവും നിയമ നടപടി സ്വീകരിക്കും.