കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടിയാണ് ഉൾപ്പെടുത്തിയത്. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120ാം വകുപ്പ് ചുമത്തിയിരുന്നു. ഇതിന് ഒപ്പം ആണ് കൊലപാതകത്തിനുള്ള 302ാം വകുപ്പ് കൂടി ചേർത്തത്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപോർട്ട് നൽകി. ഗൂഢാലോചന കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.ദീലീപിന് ജാമ്യം നൽകുന്നത് നേരത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും പ്രോസിക്യൂഷൻ പറയുന്നു.സമൂഹത്തിൽ വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കും. ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.