കാസര്‍ഗോഡ്: കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പിൻവലിച്ച് കലക്ടര്‍. പ്രദേശത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് പൊതുപരിപാടികൾ വിലക്കിക്കൊണ്ട് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം അത് പൂർണമായും പിൻവലിക്കുകയായിരുന്നു.അതേസമയം സിപിഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടര്‍ തീരുമാനം മാറ്റിയതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്.നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം വന്നതിനെതുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങള്‍ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് റിക്ഷാ ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടര്‍ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് കാസർകോട് നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. പഴയ മാനദണ്ഡപ്രകാരം ജില്ലയിൽ പാർട്ടി സമ്മേളനം നടത്താൻ സാധിക്കില്ല. പുതുക്കിയ മാനദണ്ഡം വന്നതോടെ ടിപിആർ അടിസ്ഥാനമാക്കി നേരത്തെ ചില ജില്ലകൾ ഇറക്കിയ നിയന്ത്രണ ഉത്തരവുകൾ നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. സിപിഎം ജില്ലാ സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലയിലെ നിയന്ത്രണങ്ങൾ നീക്കിയത് എന്നും വിമർശനം ഉയരുന്നുണ്ട്.