Kerala, News

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം; രോഗലക്ഷണങ്ങളെ നിസ്സാരമായി കാണരുതെന്നും വീണ ജോർജ്ജ്

keralanews covid third wave in the state symptoms should not be taken lightly says veena george

തിരുവനന്തപുരം:സംസ്ഥാനം കോവിഡ് മൂന്നാം തരംഗത്തിലാണെന്നും രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കൊറോണ തീവ്ര വ്യാപനത്തെ രാഷ്‌ട്രീയ, കക്ഷിഭേദമന്യേ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒന്നാം തരംഗത്തിൽ നിന്നും രണ്ടാം തരംഗത്തിൽ നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് പടരുന്നത്. മണവും രുചിയും നഷ്ടപ്പെടുന്നവർ കുറവാണ്. ഒമിക്രോൺ വന്നു പൊയ്‌ക്കോട്ടെ എന്ന് കരുതരുതെന്നും വീണ ജോർജ്ജ് പറഞ്ഞു.ഒമിക്രോണ്‍ ബാധിച്ച 17 ശതമാനം പേരില്‍ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയും വേണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.ഡെല്‍റ്റയെക്കാള്‍ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോണ്‍ എന്നും അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ ഘട്ടത്തില്‍ N95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് തന്നെ ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.ഡെൽറ്റയെക്കാൾ തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷേ ഒമിക്രോൺ അവഗണിക്കാം എന്നല്ല അതിനർത്ഥം. ഒമിക്രോണുമായി ബന്ധപ്പെട്ട് ധാരാളം വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡെൽറ്റയെക്കാൾ അഞ്ചിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനുള്ളത്. ക്ലസ്റ്റർ രൂപപ്പെടൽ ഒഴിവാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും വീണ ജോർജ്ജ് പറഞ്ഞു.

Previous ArticleNext Article