തൃശൂർ:നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി ഡോക്ടർ പോലീസ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലെ അക്വിൽ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്.മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഹൗസ് സർജൻ കൂടിയായ അക്വിലിനെ പോലീസ് പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പോലീസിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. മെഡിക്കൽ കോളേജിലെ പല ഡോക്ടർമാരും മയക്കുമരുന്നിന് അടിമകളാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ നിന്ന് തന്നെയാണ് ഈ വിവരങ്ങൾ ലഭിച്ചതും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 2.4 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും പിടിച്ചെടുത്തിട്ടുണ്ട്. അക്വിലിന്റെ മുറിയിൽ വച്ചാണ് മറ്റ് ഡോക്ടർമാരും ലഹരി ഉപയോഗിച്ചിരുന്നത്. 15 ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കാൻ തന്റെ മുറിയിൽ എത്താറുണ്ടായിരുന്നുവെന്ന് അക്വിൽ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. ബംഗളുരുവിൽ നിന്നാണ് ഇവർക്ക് എംഡിഎംഎ ലഭിച്ചിരുന്നത്. വിശാഖപട്ടണത്ത് നിന്നാണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്.