തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് ചാർജ് വർധനവ് ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന. ഗതാഗത വകുപ്പിന്റെ ശുപാർശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റർ ദൂരത്തിന് മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണ് ശുപാർശ. തുടർന്നുള്ള ദൂരത്തിൽ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും.ബിപിഎല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ഥികള്‍ക്കു ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. നിലവില്‍ ഒന്നര കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് രണ്ടു രൂപയുമാണ് വിദ്യാര്‍ഥികളുടെ നിരക്ക്.രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയ്ക്ക് സർവീസ് ആരംഭിക്കുന്ന ഓർഡിനറി ബസുകളിൽ 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.രാത്രികാല യാത്രകൾക്ക് ആൾ കുറവായതിനാൽ സർവ്വീസുകൾ നിർത്തുന്നത് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് രാത്രികാല സർവ്വീസുകൾക്ക് നിരക്ക് കൂട്ടുന്നത്.ബസ് നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ധന മകരവിളക്കിന് ശേഷമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് ബസുടമകള്‍ സമരം നീട്ടിവച്ചിരിക്കുന്നത്. ബസുടമുകളുമായി ഒരിക്കല്‍ കൂടി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക.