തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്ലാസുവരെയുള്ള സ്‌കൂളുകള്‍ അടച്ചെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചു.എസ്‌എസ്‌എല്‍സി പാഠഭാഗം ഫെബ്രുവരി ആദ്യം പൂര്‍ത്തിയാക്കും. പ്ലസ് ടു പാഠഭാഗം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.10, 11, 12 ക്ലാസുകളിലെ അദ്ധ്യയനം സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊറോണ മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ പരിഷ്‌കരിക്കും. ഇക്കാര്യം സംബന്ധിച്ച് തിങ്കളാഴ്‌ച്ച ഉന്നതതല യോഗം ചേരുമെന്നും ശിവൻകുട്ടി അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ പുനഃക്രമീകരിക്കും. സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ല. എങ്കിലും കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സര്‍ക്കാരിന് പരീക്ഷണം നടത്താനാകില്ല. അതുകൊണ്ടാണ് സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. സ്‌കൂള്‍ അടയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. ഇത് സിബിഎസ്‌ഇ, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്‌കൂള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ വീണ്ടും തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.എന്നാല്‍ പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരേയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.രാത്രികാല കര്‍ഫ്യൂവും വരാന്ത്യ നിയന്ത്രണങ്ങളും വേണ്ടെന്നാണ് തീരുമാനം.