Kerala, News

സംസ്ഥാനത്ത് കൊറോണ, ഒമിക്രോൺ കേസുകൾ വർധിക്കുന്നു;ഇന്ന് അവലോകന യോഗം; പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

keralanews corona omicron cases increased in the state review meeting today new restrictions may be announced

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ, ഒമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് വീണ്ടും അവലോകന യോഗം ചേരും.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള യോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സ്‌കൂൾ, ഓഫീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. വാരാന്ത്യ നിയന്ത്രണം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.പ്രതിദിന കോവിഡ് കേസുകൾ ഒരാഴ്ചക്കിടെ കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. സ്‌കൂളുകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണമായിരിക്കും പ്രധാനമായും പരിഗണനക്ക് വരിക. പൂർണമായും സ്‌കൂളുകൾ അടച്ചിടേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറേയും അധ്യാപക സംഘടനകളുടേയും നിലപാട്. കോവിഡ് വ്യാപനം വീണ്ടുമുയർന്നാൽ ചില ക്ലാസുകൾ മാത്രം ഓൺലൈനിലാക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള കർശന നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Previous ArticleNext Article