Kerala, News

കൊവിഡ് വ്യാപനം;സംസ്ഥാനത്ത് നാളെ വീണ്ടും അവലോകന യോഗം;പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും

keralanews covid expansion review meeting again in the state tomorrow new restrictions may announce

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അവലോകന യോഗം ചേരും. യോഗത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.വാരാന്ത്യങ്ങളില്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പരിഗണനയിലുണ്ട്. സ്‌കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഒമിക്രോണ്‍ കേസുകളിലും വര്‍ധനയുണ്ടാകുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ സർക്കാർ ഏർപ്പെടുത്തിയിരുന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ആവശ്യകത ഇപ്പോൾ ഇല്ലെന്നാണ് അവലോകന യോഗത്തിൽ തീരുമാനിച്ചത്.സ്‌കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്ത അവലോകന യോഗത്തിൽ സ്വീകരിക്കുമെന്നും മറ്റ് തീരുമാനങ്ങളെ കുറിച്ച് വൈകാതെ അറിയിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിരോധ മാർഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 12,742 പേര്‍ക്കാണ് രോഗം സ്ഥികരീകരിച്ചത്. ഇന്നലെ 17.05 ആയിരുന്നു ടി.പി.ആര്‍. തിരുവനന്തപുരത്തെയും എറണാകുളത്തെയും സാഹചര്യം ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എന്‍ജിനീയറിങ് കോളജിലും പുതിയ കൊവിഡ് കസ്റ്ററുകള്‍ രൂപപ്പെട്ടു.ഒമിക്രോണ്‍ രോഗികളുടെ എണ്ണവും സംസ്ഥാനത്ത് കൂടുകയാണ്. ഇന്നലെ 76 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 421 ആയി. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരിലെ കൊവിഡ് ബാധയും ആശങ്കയുണ്ടാക്കുന്നുണ്ട്.

Previous ArticleNext Article