മുംബൈ:കൊവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കേണ്ടെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്.രാജ്യത്ത് കുട്ടികൾക്ക് വാക്‌സിനേഷൻ തുടങ്ങിയ വേളയിലാണ് കുത്തിവെയ്പ്പിന് പിന്നാലെ പാരസെറ്റമോൾ കഴിക്കുന്ന പ്രവണതയെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് ഭാരത് ബയോടെക്ക് അധികൃതർ പ്രതികരിച്ചു. കുട്ടികൾക്ക് കൊവാക്‌സിൻ നൽകിയതിന് ശേഷം പാരസെറ്റമോളിന്റെ 500 മില്ലി ഗ്രാം ടാബ്‌ലെറ്റ് മൂന്നെണ്ണം കഴിക്കാൻ പല വാക്‌സിനേഷൻ കേന്ദ്രങ്ങളും നിർദേശിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.. എന്നാൽ കൊവാക്‌സിൻ എടുത്തതിന് ശേഷം പാരസെറ്റമോളോ ഏതെങ്കിലും വേദനസംഹാരികളോ കഴിക്കുന്ന രീതി ഭാരത് ബയോടെക്ക് ശുപാർശ ചെയ്യുകയില്ലെന്ന് അധികൃതർ അറിയിച്ചു.30,000 പേരിലാണ് കൊവാക്‌സിന്റെ ക്ലിനിക്കൽ പരിശോധന നടത്തിയത്. ഇതിൽ 10-20 ശതമാനം വ്യക്തികൾക്ക് മാത്രമായിരുന്നു പാർശ്വഫലങ്ങൾ. അവയിൽ ഭൂരിഭാഗവും തീവ്രമല്ലാത്ത പാർശ്വഫലങ്ങളാണ്. പരമാവധി രണ്ട് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്ന തരത്തിലുള്ളവ. ഇത്തരം പാർശ്വഫലങ്ങൾക്ക് മരുന്ന് കഴിക്കേണ്ടതില്ല. അഥവാ കൊവാക്‌സിനെടുത്തതിന് ശേഷം കാര്യമായ ശാരീരിക പ്രശ്‌നങ്ങൾ തോന്നുകയും പ്രതിവിധി ആവശ്യമാണെന്ന് വരികയുമാണെങ്കിൽ ഡോക്ടറെ കണ്ടതിന് ശേഷം അവർ നിർദേശിക്കുന്ന മരുന്ന് കഴിക്കാവുന്നതാണെന്നും ഭാരത് ബയോടെക്ക് വ്യക്തമാക്കി.