കണ്ണൂർ: പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച് പൂർണ്ണമായും കത്തി നശിച്ചു. ചെറുകുന്നിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന മായാസ് എന്ന ബസ്സാണ് കത്തിനശിച്ചത്.ഡ്രൈവറുടെ സീറ്റിനടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ ഇറങ്ങിനോക്കിയപ്പോഴാണ് ബസ്സിന് തീപിടിച്ചതായി അറിഞ്ഞത്.ബസ്സിൽ അൻപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.ഉടൻതന്നെ ജീവനക്കാർ ബസ് റോഡരികിൽ ചേർത്ത് നിർത്തുകയും ജീവനക്കാരും നാട്ടുകാരും ചേർന്ന് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കുകയും ചെയ്തു. തുടർന്ന് ഫയർ ഫോഴ്സിനെ വിവരമറിയിക്കുയായിരുന്നു. ഉടൻതന്നെ ഫയർ ഫോഴ്സ് സ്ഥലത്തെത്തുകയും തീയണയ്ക്കാൻ ആരംഭിക്കുകയും ചെയ്തു.തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് വഴിയുള്ള വാഹനങ്ങളെ തടഞ്ഞു നിർത്തുകയും മറ്റ് ബസ്സുകളെ കൊറ്റാളി റൂട്ട് വഴി തിരിച്ചുവിടുകയും ചെയ്തു.ബസ്സിലെ തീ പൂർണ്ണമായും അണച്ചുകഴിഞ്ഞതായാണ് വിവരം. ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞതിനെ തുടർന്ന് നിരവധി ആളുകളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്.വലിയതോതിലുള്ള ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഇവിടെ ഒഴിവായിരിക്കുന്നത്.