Kerala, News

വാളയാർ ചെക്ക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 67,000 രൂപ പിടികൂടി; കൈക്കൂലിയായി പച്ചക്കറികളും

keralanews vigilance inspection in walayar checkpost 67000 rupees seized vegetables also as a bribe

പാലക്കാട്: വാളയാർ ആർടിഒ ചെക്‌പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ 67,000 രൂപയുടെ കൈക്കൂലി പണം പിടികൂടി. പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.വേഷം മാറിയാണ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയത്.വിജിലൻസ് സാന്നിദ്ധ്യം മനസ്സിലാക്കിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയ് കുതറിയോടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ഏജന്റുമാരെ വെച്ച്‌ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ആര്‍ടിഓ ചെക്ക് പോസ്റ്റില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് വിജിലന്‍സ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥര്‍ വാങ്ങിയതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. ഉദ്യോഗസ്ഥര്‍ ശേഖരിക്കുന്ന പണം ഓഫീസില്‍ നിന്ന് പുറത്തു കടത്താന്‍ ഏജന്‍റുമാരുണ്ട്. ഇത്തരത്തില്‍ ഏജന്‍റിന് കൈമാറിയ പണമാണ് വിജിലന്‍സ് പിടിച്ചെടുത്തത്.പരിശോധനയ്‌ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ ഡ്രൈവർമാർ പച്ചക്കറികളും പഴങ്ങളും നൽകുന്നതായി വിവരം ലഭിച്ചിരുന്നു. മത്തൻ, ഓറഞ്ച് തുടങ്ങിയവ പതിവായി ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേയും ഈ സ്ഥലത്ത് കൈക്കൂലി വാങ്ങുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചരക്ക് വാഹനങ്ങളിൽ കൊണ്ടുവരുന്നത് എന്താണോ അത് തന്നെ പല ഉദ്യോഗസ്ഥരും കൈക്കൂലിയായി വാങ്ങുന്നുണ്ടെന്നാണ് വിവരം.

Previous ArticleNext Article