ന്യൂഡൽഹി: രാജ്യത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങി.7 ലക്ഷത്തിലധികം പേരാണ് ഇതുവരെ കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തത്.15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷനാണ് ഇന്ന് ആരംഭിച്ചത്.ഭാരത് ബയോടെകിന്റെ കോവാക്സിന് നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസായാണ് നല്‍കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന് സാധിക്കാത്തവര്‍ക്ക് വാക്സിനേഷന് കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം.ശനിയാഴ്ച മുതലാണ് കൗമരക്കാർക്കായുള്ള വാക്സിൻ രജിസ്ട്രേഷൻ ആരംഭിച്ചത്. കഴിഞ്ഞ മാസം 24 നാണ് 15 നും 18 നും ഇടയിലുള്ളവർക്ക് കൊവാക്സിൻ നൽകാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. കേരളത്തിൽ കൗമാരക്കായ 15.34 ലക്ഷം പേർ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മുഴുവൻ ഉടൻ പ്രതിരോധ വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ജനറൽ/ജില്ലാ/താലൂക്ക് ആശുപത്രികൾ, സിഎച്ച്സി എന്നിവിടങ്ങൾ വഴിയാണ് വാക്സിൻ വിതരണം. ഈ മാസം 10 വരെ ബുധൻ ഒഴികെ എല്ലാ ദിവസവും വാക്സിൻ നൽകും. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് വാക്സിൻ വിതരണം.കൗമാരക്കാരുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് ബോർഡുകൾ സ്ഥാപിക്കും. വാക്സിൻ സ്വീകരിച്ച കുട്ടികളുടെ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് രേഖപ്പെടുത്തും. കൊറോണ വന്നുപോയവരാണെങ്കിൽ മൂന്ന് മാസങ്ങൾക്ക് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി.