എറണാകുളം: കിഴക്കമ്പലം ആക്രമണക്കേസിൽ 50 അതിഥി തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകുമെന്നാണ് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു.പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കം 11 വകുപ്പുകൾ കൂടി ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ സിഐയുടേയും എസ്ഐയുടേയും പരാതിയിലാണ് എഫ്ഐആർ. വിവിധ ഭാഷാ തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ അഞ്ച് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പോലീസ് ജീപ്പുകൾ തകർക്കുകയും ഒരെണ്ണം കത്തിയ്ക്കുകയുമാണ് ചെയ്തത്. കിറ്റെക്സ് കമ്പനി തൊഴിലാളികൾക്കായി നിർമ്മിച്ച് നൽകിയ ക്യാമ്പിലാണ് ആക്രമണം നടന്നത്.മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കം കുറിച്ചതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർക്ക് നേരെ തൊഴിലാളികൾ കല്ലെറിയുകയും ചെയ്തിരുന്നു. ആലുവ റൂറൽ എസ്പി കാർത്തിന്റെ നേതൃത്വത്തിൽ 500ഓളം പോലീസുകാർ സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.അതേസമയം അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് അറിയിച്ചിരുന്നു. ക്രിസ്തുമസ് ദിവസത്തിൽ ക്യാമ്പിൽ ഒരു വിഭാഗം തൊഴിലാളികൾ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഒരു വിഭാഗം എതിർത്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് കേസ്. പൊലിസ് വാഹനങ്ങള്‍ തീകത്തിച്ചതടക്കം പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലിസ് പറയുന്നു. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.