Kerala, News

എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ;പോലീസ് ജീപ്പിന് തീയിട്ടു;അഞ്ച് പോലീസുകാർക്ക് പരിക്ക്

keralanews other state workers violance in ernakulam kizhakkamalam police jeep burned five police injured

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്.കിറ്റക്സിലെ അതിഥി തൊഴിലാളികളാണ് അക്രമം അഴിച്ചുവിട്ടത്. ക്രിസ്മസ് കരോൾ നടത്തിയത് സംബന്ധിച്ച തർക്കമാണ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച്, തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെടാനെത്തിയതായിരുന്നു പൊലീസ്. ഇതോടെ തൊഴിലാളികള്‍ പൊലീസിനു നേരെ തിരിഞ്ഞു. കല്ലേറിൽ കുന്നത്തുനാട് സിഐ വി.ടി ഷാജനുൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടു പൊലീസ് വാഹനങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കു നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തൊഴിലാളികളുടെ ക്യാമ്പിനുള്ളില്‍ കയറി പ്രതികളെ അറസ്റ്റ് ചെയ്തു. പുലർച്ചെ നാലു മണിയോടെയാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Previous ArticleNext Article