ലഖ്നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ.പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്‍റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന.36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപ കണ്ടെടുത്തു. പീയുഷ് ജെയിനിന്‍റെ വീട്ടില്‍നിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. 21 പെട്ടികളിലാക്കിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്നറില്‍ കയറ്റി ബാങ്കുകളിലേക്ക് മാറ്റിയത്.ജെയിനിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്ലെറ്റുകള്‍, കോള്‍ഡ് സ്റ്റോറേജ്, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് ഇയാളുടെ ആനന്ദ്പുരിയിലുള്ള വീട്ടിൽ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയത്. ജിഎസ്ടി ഉദ്യോഗസ്ഥരാണ് ആദ്യം പരിശോധനക്കെത്തിയത്. പിന്നീട് ആദായ നികുതി വകുപ്പും പരിശോധനയ്‌ക്കെത്തി.36 മണിക്കൂറുകൾ കൊണ്ടാണ് പിടിച്ചെടുത്ത 150 കോടി രൂപ ജിഎസ്ടി ഇന്റലിജൻസും ആദായ നികുതി വകുപ്പും ചേർന്ന് എണ്ണിത്തിട്ടപ്പെടുത്തിയത്. വ്യാഴാഴ്ച തുടങ്ങിയ നോട്ടെണ്ണൽ വെള്ളിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ഇതിനായി അഞ്ച് നോട്ടെണ്ണൽ മെഷീനിന്റെ സഹായവും സംഘത്തിന് ആവശ്യമായി വന്നു. ഇദ്ദേഹത്തിന് 40 കമ്പനികളുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.ഇതിൽ രണ്ടെണ്ണം മധ്യേഷ്യയിലാണ്. വ്യാജ കമ്പനിയുടെ വ്യാജ ഇൻവോയ്‌സുകൾ ഉണ്ടാക്കിയാണ് പണത്തിന്റെ കണക്കു സൂക്ഷിച്ചിരുന്നതെന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ അമ്പതിനായിരത്തിന്റെ ഇരുനൂറിലേറെ ഇൻവോയ്‌സുകൾ കണ്ടെത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി അടുപ്പം സൂക്ഷിക്കുന്ന വ്യാപാരിയാണ് പിയൂഷ് ജെയിൻ.കാൺപൂരിലെ ത്രിമൂർത്തി ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപനത്തിന്റെ ഓഫീസും കൂടാതെ ട്രാൻസ്‌പോർട്ട് കമ്പനിയായ ഗണപതി റോഡ് കാരിയേഴ്‌സിന്റെ ഗോഡൗണും പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. ത്രിമൂർത്തി പ്രൈവറ്റ് ലിമിറ്റഡാണ് ശിക്കാർ ബ്രാൻഡ് പാൻമസാലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും നിർമാതാക്കൾ. ഇവയുടെ ട്രാൻസ്‌പോർട്ടേഷൻ ആവശ്യങ്ങൾക്കായാണ് ഗണപതി റോഡ് കാരിയേഴ്‌സ് പ്രവർത്തിച്ചിരുന്നത്. ട്രാൻസ്‌പോർട്ടേഷന് ഇടയിലും വൻതുക കമ്പനി വെട്ടിച്ചിരുന്നു എന്നാണ് വിവരം. ഇ-വേ ബില്ലുകൾ ഇല്ലാതെയാണ് ചരക്കുകൾ വിവിധയിടങ്ങളിലേക്ക് കമ്പനി എത്തിച്ചിരുന്നത്.ഇല്ലാത്ത കമ്പനികളുടെ പേരിൽ വിവിധ ഇൻവോയിസുകൾ തയ്യാറാക്കി ഓരോ ഫുൾ ലോഡിനും 50,000 രൂപ വരെ ഇവർ കൈവശപ്പെടുത്തിയിരുന്നു. ഇ-വേ ബില്ലുകൾ ഒഴിവാക്കുന്നതിലൂടെയാണിത്. റെയ്ഡിനിടെ ഫാക്ടറിയുടെ പുറത്ത് നിന്നും ഇത്തരം ട്രാൻസ്‌പോർട്ടേഷനായി ഉപയോഗിച്ചിരുന്ന നാല് ട്രക്കുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഗണപതി റോഡ് കാരിയേഴ്‌സിൽ നിന്നും 200 വ്യാജ ഇൻവോയിസുകളും പരിശോധനയിൽ കണ്ടെത്തി. ജിഎസ്ടി അടയ്‌ക്കാത്ത ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 1.01 കോടി രൂപയും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.