ന്യൂഡൽഹി:രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. രോഗവ്യാപന നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ, ആളുകള്‍ ഒത്തുകൂടുന്നതിന് നിയന്ത്രണം എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍, 40 ശതമാനത്തിലധികം കൊവിഡ് രോഗികള്‍ ഓക്സിജന്‍ ബെഡുകളുടെ സഹായത്തോടെ ചികില്‍സയില്‍ കഴിയുന്ന ജില്ലകള്‍ എന്നിവയുണ്ടെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.10 ശതമാനത്തില്‍ താഴെ രോഗവ്യാപന നിരക്ക് റിപോര്‍ട്ട് ചെയ്താലും ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്.നിലവിലെ വിവരമനുസരിച്ച് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപന ശേഷിയാണ് ഒമിക്രോണിനുള്ളത്. അതുകൊണ്ട് തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് വളരെ വേഗത്തിലും ശ്രദ്ധയോടെയും ആയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാത്രി കര്‍ഫ്യു, ആളുകള്‍ കൂട്ടം കൂടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, വിവാഹം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ചുരുക്കുക, ഓഫീസില്‍ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുക, പൊതുഗതാഗതം, വ്യവസായം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.കേസുകള്‍ വര്‍ധിക്കുന്നതനുസരിച്ച് കണ്ടെയിന്‍മെന്റ്, ബഫര്‍ സോണുകള്‍ തരംതിരിക്കണം.