തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ അമല്‍ മുഹമ്മദിന് തന്നെ നല്‍കുമെന്ന് ദേവസ്വം ഭരണസമിതി.15,10000 രൂപക്കായിരുന്നു അമല്‍ മുഹമ്മദ് ഥാര്‍ ലേലം ഉറപ്പിച്ചിരുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാര്‍ കുറച്ച് ദിവസം മുൻപാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ബഹ്‌റൈനില്‍ ബിസിനസ്സ് ചെയ്യുകയാണ് അമല്‍ മുഹമ്മദ്. ഈ മാസം നാലാം തീയതിയാണ് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്.യു.വി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വാഹനത്തിന് വിലയുണ്ട്. ലേലത്തിലൂടെ അമല്‍ മുഹമ്മദലി ഥാര്‍ സ്വന്തമാക്കിയെങ്കിലും വാഹനം വിട്ട് നല്‍കുന്നതില്‍ പുനരാലോചന വേണ്ടി വരുമെന്നുളള ദേവസ്വത്തിന്റെ നിലപാട് വിവാദമായിരുന്നു. വിദേശത്തുള്ള അമലിന് പകരമായി സുഹൃത്ത് സുഭാഷ് പണിക്കരായിരുന്നു ലേലം വിളിക്കാനെത്തിയത്. എന്നാല്‍, ഭരണസമിതി യോഗത്തില്‍ കൂടിയാലോചിച്ച ശേഷം മാത്രമേ ലേലം അംഗീകരിക്കാനാകൂവെന്നാണ് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചത്.25 ലക്ഷം രൂപ വരെ ലേലം വിളിക്കാന്‍ അമല്‍ ഒരുക്കമായിരുന്നുവെന്ന് സുഭാഷ് പണിക്കര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതാണ് പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 21 ലക്ഷം രൂപ വാഹനത്തിന് നല്‍കാമോയെന്നും ഭരണസമിതി അമലിനോട് ചോദിച്ചിരുന്നു. 13 ലക്ഷം വിലയുള്ള വാഹനമാണ് 15.10 ലക്ഷത്തിന് വാങ്ങിയതെന്നും ജിഎസ്ടി കൂടി ചേരുന്നതോടെ 18 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്നും അമല്‍ അറിയിച്ചു. തുടര്‍ന്നാണ് ലേലം വിളിച്ച തുകയ്‌ക്ക് തന്നെ താക്കോല്‍ കൈമാറാന്‍ തീരുമാനിച്ചത്. ആദ്യമായിട്ടാണ് മഹീന്ദ്രയുടെ ഒരു വാഹനം ഗുരുവായൂരപ്പന് കാണിക്കയായി ലഭിക്കുന്നത്. ടിവിഎസ് കമ്പനി തങ്ങളുടെ ഇരുചക്രവാഹനങ്ങളുടെ ആദ്യ മോഡലുകള്‍ ഗുരുവായൂരപ്പന് കാണിക്ക സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കാണിക്കയായി ലഭിക്കുന്ന വാഹനം ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്.