Kerala, News

കൈക്കൂലി കേസ്;പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ ഹാരിസിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 16 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു

keralanews ribery case more than 16 lakh was seized during a raid from the house of haris pollution control board official

ആലുവ:കൈക്കൂലി കേസിൽ പിടിയിലായ ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്.കോട്ടയം മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസർ എം.എം ഹാരിസിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിൽ പതിനാറ് ലക്ഷം രൂപ പിടിച്ചെടുത്തു. സ്വത്തുക്കൾ സംബന്ധിച്ച നിരവധി രേഖകളും കണ്ടെടുത്തു.പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചണ്‍ ക്യാബിനറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബാസ്‌ക്കറ്റിനുള്ളിൽ കവറുകളിലായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഒരോ കവറിലും അൻപതിനായിരത്തോളം രൂപയാണ് ഉണ്ടായിരുന്നതെന്ന് വിജിലൻസ് ഓഫീസർ വ്യക്തമാക്കി.ഇയാൾക്ക് 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടെന്ന് വിജിലൻസ് കണ്ടെത്തി. നോട്ടെണ്ണൽ യന്ത്രവുമായാണ് വിജിലൻസ് സംഘം ഹാരിസിന്റെ വീട്ടിലേക്ക് റെയിഡിനായി തിരിച്ചത്. ബാങ്ക് മാനേജരുടെയടക്കം സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ് നടത്തിയത്.ഇന്നലെ ഉച്ചയോടെ ടയർ വ്യവസായിയിൽ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് എംഎം ഹാരിസിനെ പിടികൂടിയത്.ഇതിന് ശേഷം പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റിൽ എത്തിച്ചാണ് റെയ്ഡ് നടത്തുന്നത്. 80 ലക്ഷം രൂപ വിലമതിക്കുന്നതാണ് പ്രതിയുടെ ആലുവയിലെ ഫ്‌ളാറ്റ്.തിരുവനന്തപുരത്ത് 2000 സ്‌ക്വയർ ഫീറ്റ് വീട് ഹാരിസിന് സ്വന്തമായുണ്ട്.പന്തളത്ത് 33 സെന്റ് സ്ഥലം സ്വന്തമായുണ്ട്.ഇതിന് മുൻപും കൈക്കൂലി കേസിൽ പിടിയിലായ ആളാണ് ഹാരിസ്.പാലാ സ്വദേശി ജോസ് സെബാസ്റ്റ്യന്‍ നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്.

2016 ലാണ് ജോസ് സെബാസ്റ്റ്യന്‍ സ്ഥാപനം ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപനമുടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുന്‍ ജില്ലാ ഓഫീസര്‍ ആയ ജോസ് മോന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കൈക്കൂലി നല്‍കാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു.സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച്‌ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായും ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Previous ArticleNext Article