ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് സുപ്രധാന ഭേദഗതികള്‍ ആവിഷ്‌ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.വോട്ടര്‍ പട്ടിക ശക്തിപ്പെടുത്തുക, തിരഞ്ഞെടുപ്പ് കമ്മിഷന് കൂടുതല്‍ അധികാരം നല്‍കുക, ഡ്യൂപ്ലിക്കേറ്റുകള്‍ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നാല് പ്രധാന പരിഷ്കാരങ്ങള്‍ അവതരിപ്പിക്കും.പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നത് പോലെ, ഒരാളുടെ വോട്ടര്‍ ഐഡിയോ ഇലക്ടറല്‍ കാര്‍ഡോ ഉപയോഗിച്ച് ആധാര്‍ കാര്‍ഡ് സീഡിംഗ് ഇപ്പോള്‍ അനുവദിക്കും.വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമങ്ങള്‍ അനുവദിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന ആദ്യ തവണ വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത ‘കട്ട്-ഓഫ്’ തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. നിലവിലെ ചട്ടമനുസരിച്ച്, ജനുവരി ഒന്നിനുശേഷം 18 വയസ്സു പൂര്‍ത്തിയാകുന്ന ഒരാള്‍ അടുത്തകൊല്ലംവരെ കാത്തിരിക്കണം. ഇനി മുതല്‍ അതുവേണ്ട. ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്‌കരിക്കും.സര്‍വീസ് ഓഫീസര്‍മാരുടെ ഭര്‍ത്താവിനും വോട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ലിംഗഭേദമില്ലാതെ നിയമം കൊണ്ടുവരാനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നിയമപ്രകാരം പുരുഷ സര്‍വീസ് വോട്ടറുടെ ഭാര്യക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ, വനിതാ സര്‍വീസ് വോട്ടറുടെ ഭര്‍ത്താവിന് ഈ സൗകര്യം ലഭ്യമല്ല.