Kerala, News

സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക്; ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ്

keralanews strike of p g doctors in the state entered to sixth day health department ready for talk

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. എമർജൻസി ഡ്യൂട്ടി അടക്കം ബഹിഷ്‌കരിച്ചാണ് സമരം.സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്ത്രി വീണാ ജോർജ്ജ് സമരക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.ഇന്നലെയും ആരോഗ്യമന്ത്രിയുമായി പിജി വിദ്യാർത്ഥികൾ ചർച്ച നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയാണ് ഇന്നലെയുണ്ടായതെന്നും ഔദ്യോഗിക ചർച്ച വൈകാതെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിജി ഡോക്ടർമാർ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രയാസങ്ങളും മന്ത്രിയെ ധരിപ്പിച്ചതായും പിജി ഡോക്ടർമാർ അറിയിച്ചു.സര്‍ക്കാര്‍ ഇന്നലെ ഉന്നതതല ഔദ്യോഗിക ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ സമയമോ തീയതിയോ അറിയിച്ചിട്ടില്ല. ഔദ്യോഗിക അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സമരക്കാരുടെ നിലപാട്.അതേസമയം ഡോക്ടർമാർ സമരത്തിലായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ എത്തുന്ന രോഗികൾ കടുത്ത ദുരിതത്തിലായി. ശസ്ത്രക്രിയകൾ മുടങ്ങി. ഒപി മുടങ്ങാതിരിക്കാൻ ആരോഗ്യവകുപ്പ് ബദൽ സംവിധാനം ഒരുക്കിയെങ്കിലും പൂർണമായും ഫലംകണ്ടില്ല. സ്റ്റൈപ്പന്റ് വർദ്ധിപ്പിക്കണം, പി.ജി. പ്രവേശനം വേഗം നടത്തുകയോ, പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ട് വെയ്‌ക്കുന്നത്.

Previous ArticleNext Article