തിരുവനന്തപുരം:ശബരിമല മകര വിളക്കിന് ശേഷം സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷനുമായി ഇന്ന് ഗതാഗതമന്ത്രി ചർച്ച നടത്തും.ബസുടമകളുടെ ആവശ്യവും, വിദ്യാർത്ഥി സംഘടനകളുടെ ആവശ്യങ്ങളും ചർച്ച ചെയ്യും. മികച്ച രീതിയിലുള്ള ഗൃഹപാഠം നടത്തിയേ തീരുമാനം എടുക്കാനാകു. അന്തിമ തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു.ബസുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാനാവില്ല. ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ നേരത്തെ തീരുമാനം എടുത്തതാണ്. ഇത് സംബന്ധിച്ച് വൈകാതെ തീരുമാനം ഉണ്ടാകും എന്ന് മന്ത്രി അറിയിച്ചു. അതേസമയം അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ പറഞ്ഞിരുന്നു.ബസ് ചാർജ് വർദ്ധിപ്പാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാടാണ് ബസുടമകൾ എടുത്തിരിക്കുന്നത്. നിലവിലെ നിരക്കായ 8 രൂപ മാറ്റി 12 രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത്രയും തുക വർദ്ധിപ്പിക്കാൻ സാധിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ, വിദ്യാർത്ഥികളുടെ കൺസഷനുമായി ബന്ധപ്പെട്ടും തർക്കം നിലനിൽക്കുന്നുണ്ട്.നിലവിൽ ഒരു രൂപയാണ് വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക്. എന്നാൽ ഇത് ആറ് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാൽ കൺസെഷൻ നിരക്ക് ഒന്നര രൂപയാക്കാം എന്നാണ് സർക്കാർ നിലപാട്.ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ വിദ്യാർത്ഥികളുടെ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്.