കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്ന കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഒമിക്രോൺ വകഭേദം ആണോ എന്ന് കണ്ടെത്തുന്നതിനായി സാംപിളുകൾ ജീനോം പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലവും ഇന്ന് ലഭിച്ചേക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാള്‍ ഒമിക്രോണ്‍ പൊസിറ്റീവായപ്പോള്‍ രണ്ടാമത്തെയാള്‍ക്ക് നെഗറ്റീവായത് ആശ്വാസമായി.രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന് നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കൊച്ചിയിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും കൊറോണ പരിശോധന കർശമാക്കി. യാത്രാക്കപ്പലുകൾ അധികം എത്തുന്നില്ലെങ്കിലും, ചരക്ക് കപ്പലിൽ എത്തുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്.