മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഒമിക്രോൺ കേസുകളിൽ മൂന്നര വയസുള്ള കുഞ്ഞും ഉൾപ്പെട്ടതായി വിവരം. കഴിഞ്ഞ ദിവസം ഏഴ് പുതിയ ഒമിക്രോൺ രോഗികളായിരുന്നു സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ചിരുന്നത്. ഇതിൽ മൂന്നും മുംബൈയിലാണ്. രോഗം ബാധിച്ച കുഞ്ഞുള്ളതും ഇവിടെയാണ്. ആകെ 17 രോഗികളാണ് മഹാരാഷ്‌ട്രയിൽ മാത്രം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 32 ആയി. വളരെ ചെറിയ തോതിൽ മാത്രം രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവർക്കും ഒട്ടുമേ ലക്ഷണങ്ങൾ കാണിക്കാതിരുന്നവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ രണ്ട് ദിവസത്തേക്ക് ജനങ്ങൾ കൂട്ടം കൂടുന്നതും വലിയ ഒത്തുകൂടലുകളും നിരോധിച്ചിട്ടുണ്ട്. ടാൻസാനിയ, യുകെ, നെയ്‌റോബി എന്നിവിടങ്ങളിൽ നിന്ന് എത്തിയവർക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം ബാധിച്ചത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മാസ്‌ക് ധാരണത്തിൽ ജനങ്ങൾ അശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അപകടകരമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നതെന്നും ചെറിയ പിഴവ് വലിയ ആഘാതം സൃഷ്ടിക്കാമെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കി.