ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കുനൂർ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യൂ വരിച്ച മലയാളി സൈനികൻ എ. പ്രദീപിന്റെ ഭൗതികദേഹം നാളെ നാട്ടിലെത്തിക്കും.സുലൂർ വ്യോമതാവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം പ്രദീപിന്റെ കുടുംബത്തെ അറിയിച്ചത്. ഇന്ന് വൈകുന്നേരത്തോടു കൂടി ഭൗതികദേഹം സുലൂർ വ്യോമകേന്ദ്രത്തിൽ എത്തിക്കും. വ്യോമകേന്ദ്രത്തിൽ നിന്നും വിലാപയാത്രയായി ഭൗതിക ദേഹം നാളെ നാട്ടിലേയ്ക്ക് എത്തിക്കും. തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പൊതു ദർശനത്തിന് വെയ്ക്കും.പിന്നാലെ വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. കോയമ്പത്തൂരിൽ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.അപകടത്തിൽ പെട്ട എംഐ 17വി5 ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. തൃശ്ശൂർ മരത്താക്കര സ്വദേശിയാണ് വീരമൃത്യൂ വരിച്ച സൈനികൻ പ്രദീപ്. സൈന്യത്തിലെ ജൂനിയർ വാറന്റ് ഓഫീസറാണ് അദ്ദേഹം.2004ലാണ് പ്രദീപ് വ്യോമ സേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ, കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്. 2018ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിനെത്തിയ ഹെലികോപ്ടർ സംഘത്തിൽ പ്രദീപ് ഉണ്ടായിരുന്നു.