Kerala, News

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി

keralanews bird flu confirmed in alappuzha district ducks killed

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.തുടർന്ന്  താറാവുകളെ കൂട്ടത്തോടെ കൊന്നു സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് പുറക്കാട് താറാവുകള്‍ കൂട്ടത്തോടെ ചത്തത്.തുടർന്ന് നടത്തിയ പരിശോധനയില്‍ പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചതോടെ ഒപ്പം ഉണ്ടായിരുന്നവയെ കൊന്ന് സംസ്കരിക്കുകയായിരുന്നു. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് അറുപതില്‍ച്ചിറ വീട്ടില്‍ ജോസഫ് ചെറിയാന്‍റെ ഉടമസ്ഥതയിലുള്ള 3000 ഓളം താറാവുകളെയാണ് വ്യാഴാഴ്ച വൈകിട്ടോടെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സേന കൊന്ന് സംസ്ക്കരിച്ചത്.സ്വകാര്യ ഹാര്‍ച്ചറിയില്‍നിന്നും ഒരു ദിവസം പ്രായമായ 13500 കുഞ്ഞുങ്ങളെയാണ് വാങ്ങിയത്. ഇതില്‍ 10000 ത്തോളം താറാവുകള്‍ പലപ്പോഴായി ചത്തു. ബാക്കി ഉണ്ടായിരുന്ന താറാവുകളെയാണ് കൊന്ന് സംസ്ക്കരിച്ചത്.മൃഗ സംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ കൃഷ്ണ കിഷോര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ ലേഖ എന്നിവരുടെ നേതൃത്വത്തിലുള്ള 30 അംഗ ആര്‍.ആര്‍.ടി സംഘമാണ് നടപടി സ്വീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താറാവുകള്‍ കൂട്ടമായി ചാവുന്ന സാഹചര്യത്തില്‍ വിശദ പരിശോധനക്ക് ഭോപാലിലേക്ക് അയച്ച സാമിലുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള സാമ്പിളും പരിശോധനക്ക് കൈമാറിയിട്ടുണ്ട്.

Previous ArticleNext Article