Kerala, News

സർക്കാരിന്റെ ഉറപ്പ് പാഴായി;ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന് സ്വകാര്യ ബസ്സുടമകൾ

keralanews government has not kept its promise private bus owners strike again from the 21st of this month

കൊച്ചി: ഈ മാസം 21 മുതൽ വീണ്ടും സമരം നടത്തുമെന്ന പ്രഖ്യാപനവുമായി സ്വകാര്യ ബസ് ഉടമകൾ.സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി വ്യക്തമാക്കി. കഴിഞ്ഞ മാസം എട്ട് മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഗതാഗത മന്ത്രിയുമായി സമവായ ചർച്ചകൾ നടത്തിയതോടെ ബസ് ഉടമകൾ സമരത്തിൽ നിന്ന് പിന്മാറി. 18ാം തിയതിയ്‌ക്കുള്ളിൽ ആവശ്യങ്ങൾ എല്ലാം പരിഗണിച്ച് പരിഹാരം ഉണ്ടാക്കാമെന്നാണ് മന്ത്രി വാഗ്ദാനം നൽകിയത്. എന്നാൽ വാക്ക് പാലിച്ചില്ലെന്ന് ബസ് ഉടമകൾ ആരോപിച്ചു.ചർച്ച നടന്ന് ഒരു മാസമായിട്ടും അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് വീണ്ടും അനിശ്ചിതകാല സമരം നടത്താൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചത്. നിലവിലെ ഇന്ധന വില കണക്കിലെടുത്ത് ഇപ്പോൾ ഉള്ള നിരക്കിൽ സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. കൊറോണ കാലത്തെ വാഹന നികുതി പൂർണ്ണമായും ഒഴിവാക്കണം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വയ്‌ക്കുന്നത്. വിഷയത്തിൽ തീരുമാനമാകാതെ സമരത്തിൽ നിന്ന് ഇനി പിന്നോട്ടില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി.

Previous ArticleNext Article