Kerala, News

മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകൾ തുറന്നു;പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറിത്തുടങ്ങി

keralanews nine shutters of mullapperiyar dam opened water level in periyar rising water began to rise in low lying areas

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു.മൂന്നടിയോളം വെള്ളം ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് വെളളം കയറിത്തുടങ്ങി. മഞ്ചുമല ആറ്റോരം കോളനിയില്‍ വീടിനുപരിസരത്തുവരെ വെള്ളമെത്തി. വികാസ് നഗറിലെ റോഡിലും വെള്ളംകയറി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തി. ഏഴുമണിയോടെയാണ് മറ്റ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. പെരിയാർ തീരത്ത് താസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളം ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകും. രാത്രികാലങ്ങളിൽ ഏകപക്ഷീയമായി ഡാം തുറന്ന് വിടുന്ന തമിഴ്നാടിൻ്റെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.പല തവണ അറിയിച്ചിട്ടും തമിഴ്‌നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും. വെള്ളിയാഴ്ച മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച ഹരജി പരിഗണിക്കാനിരിക്കവെയാണ് കേരളത്തിൻ്റെ നീക്കം.അടുത്തിടെയായി രാത്രി കാലങ്ങളിലാണ് തമിഴ്‌നാട് ഷട്ടർ തുറക്കുന്നത്. മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കുന്നില്ല. അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. മുൻകൂട്ടി അറിയിച്ചതിന് ശേഷം മാത്രമേ ഷട്ടറുകൾ തുറക്കാവു എന്നതാണ് കേരളത്തിന്റെ ആവശ്യം. ജലനിരപ്പ് ഉയരുന്നത് അനുവരിച്ച് വെള്ളം തുറന്നുവിടണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും. തമിഴ്നാട് സർക്കാറിൻ്റെ നടപടി ചോദ്യം ചെയ്ത് ഡോ. ജോ ജോസഫും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡാമുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ടസമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് സത്യവാങ്മൂലത്തിലെ ആവശ്യം.

Previous ArticleNext Article