അബുദാബി: യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിവസങ്ങളില്‍ മാറ്റം. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഏഴര മുതല്‍ മൂന്നര വരെയും, വെള്ളിയാഴ്ച രാവിലെ എഴര മുതല്‍ പന്ത്രണ്ട് മണിവരെയുമാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തി സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതല്‍ ഞായര്‍ വരെ അവധിയായിരിക്കും.ഇത്തരത്തിൽ നാലര ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്കാണ് മാറുന്നതെന്ന് യുഎഇ പ്രഖ്യാപിച്ചു. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടില്ല.ഇതോടെ ദേശീയ പ്രവൃത്തി ദിനം അഞ്ച് ദിവസത്തിലും താഴെയാക്കുന്ന ആദ്യ രാജ്യമാകും യുഎഇ. പ്രവൃത്തി ദിനങ്ങളിൽ എട്ട് മണിക്കൂർ വീതമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച ഇത് നാലര മണിക്കൂറാകും. ദൈർഘ്യമേറിയ വാരാന്ത്യം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നും തൊഴിലും ജീവിതവും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.