ബെംഗളൂരു:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിലാണ് രണ്ടുപേർക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാള്‍ വാർത്താസമ്മേളനം വിളിച്ച് രാജ്യത്തെ ഒമിക്രോൺ സാഹചര്യം അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.അതേസമയം രാജ്യത്ത് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമാക്കുകയും മുന്നൊരുക്കങ്ങൾ ഊർജിതമാക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.