കൊച്ചി: മുൻ മിസ് കേരളയുൾപ്പെടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങൾ സൈജു അന്വേഷണ സംഘത്തിന് കൈമാറി. പാർട്ടിയിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും സൈജുവിന്റെ സുഹൃത്തുക്കളായിരുന്നുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.സൈജുവിന് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ സൈജുവിന്‍റെ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിക്കുകയും ചെയ്തു.ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സൈജുവിന്‍റെ മൊബൈലില്‍ നിന്ന് ചില തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്ക് വീണ്ടെടുക്കാന്‍ ആകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ വളരെ നിര്‍ണായകമാകും.മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഓഡി കാറും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റീരിയർ ഡിസൈനറായ സൈജുവിന്റെ കാക്കനാട്ടെ ഓഫീസിൽ നിന്നാണ് കാർ കണ്ടെടുത്തത്. 20 ലക്ഷം രൂപയ്‌ക്ക് തൃശ്ശൂർ സ്വദേശിയിൽ നിന്നും സൈജു വാങ്ങിയ കാറിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ സൈജു മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയതിനാൽ ഇയാൾ പങ്കെടുത്ത പാർട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉണ്ടായിരുന്നോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.