എറണാകുളം:ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീർ കുമാറിന് സസ്പെൻഷൻ. സുധീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ രീതിയിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് സർക്കാർ നടപടി. സുധീറിനെതിരെ വകുപ്പ്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.കേസിൽ ആരോപണ വിധേയനായ സിഐ സ്റ്റേഷൻ ചുമതലയിൽ തുടർന്നിരുന്നത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി റൂറൽ എസ്.പി കെ. കാർത്തിക് രംഗത്തെത്തി. സ്റ്റേഷൻ ചുമതലകളിൽ നിന്ന് സുധീറിനെ നീക്കിയതായി ചൊവ്വാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനു ശേഷവും സി.ഐ ഡ്യൂട്ടിക്ക് എത്തിയത് വിവാദമായിരുന്നു.തുടർന്ന് സ്റ്റേഷൻ പരിസരത്ത് വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെയാണ് സുധീറിനെ സ്ഥലം മാറ്റിയത്.തുടർന്നും സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.