തിരുവനന്തപുരം: വിവാദ ദത്തുകേസില്‍ കുഞ്ഞിനെ അനുപമയ്ക്കും അജിത്തിനും കൈമാറി. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്.ഡിഡബ്ല്യുസി കോടതിയില്‍ ഡിഎന്‍എ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി കുഞ്ഞിനെ അതിന്റെ യഥാര്‍ത്ഥ മാതാപിതാക്കൾക്ക് കൈമാറിയത്.ഇന്നലെ ഡിഎൻഎ ഫലം പുറത്തുവന്നതോടെയാണ് യഥാർത്ഥ അമ്മക്കും അച്ഛനും കുഞ്ഞിനെ തിരികെ കിട്ടുന്നത്. ഈ ഫലം തിരുവനന്തപുരം കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. നിർമ്മല ശിശുഭവനിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ എത്തി കുഞ്ഞിനെ കോടതിയിൽ എത്തിച്ചു. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നൽകാനായി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷൻ ഡിക്ലറേഷൻ സർട്ടിഫിക്കറ്റ് പിൻവലിച്ചുകൊണ്ടുള്ള സത്യവാങ്മൂലവും സി.ഡബ്ല്യു.സി കോടതിയിൽ സമർപ്പിച്ചു. സി.ഡബ്ല്യു.സിയാണ് കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകിയത്.കേസ് ഈ മാസം 30ന് പരിഗണിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ ലഭിച്ചതോടെയാണ് കോടതിയെ ഇന്ന് തന്നെ സമീപിക്കാൻ സി.ഡബ്ല്യു.സി തീരുമാനിച്ചത്.