കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് എൽ എൽ ബി വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് സുഹൈൽ,മാതാവ് റുഖിയ’ പിതാവ് റഹീം എന്നിവരെമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇവർ ആലുവ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഒളിവിൽ പോയ സുഹൈലും കുടുംബവും ഇവിടെയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഈസ്റ്റ് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിലവിൽ ആത്മഹത്യാപ്രേരണകുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആയതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല.സംഭവത്തിൽ ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഫിയ പർവീണിന്റെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു. ഇക്കാര്യം മൊഫിയയുടെ പിതാവും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കേസ് എടുത്തത്.
ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണിനെ ചൊവ്വാഴ്ച വൈകീട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങളുണ്ടായതിനെത്തുടര്‍ന്ന് യുവതി ആലുവ പോലിസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലിസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫിയ ജീവനൊടുക്കിയത്.ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സിഐ സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തു. ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.