കൊച്ചി : ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകിയതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു.ഇടയപ്പുറം സ്വദേശി മൊഫിയ പർവീൻ(21) ആണ് മരിച്ചത്. ഭർത്താവ് സുഹൈലിനും വീട്ടുകാർക്കുമെതിരെ ആലുവ പോലീസ് സ്‌റ്റേഷനിൽ ഇന്നലെയാണ് പരാതി നൽകിയത്. ഭർതൃവീട്ടുകാർക്കും ആലുവ സിഐ സി എൽ സുധീറിനുമെതിരെ ആത്മഹത്യാ കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. തൊടുപുഴയിലെ സ്വകാര്യ കോളേജിൽ എൽഎൽബി വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി.കഴിഞ്ഞ ഏപ്രിൽ മൂന്നിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. നിശ്ചയം മാത്രമാണ് നടന്നതെന്നും പിന്നീട് യുവാവിന്റെ വീട്ടുകാരുടെ നിർബന്ധത്താൽ രജിസ്റ്റർ ചെയ്യുകയായിരുന്നെന്നും കുടുംബം പറഞ്ഞു. സ്ത്രീധനമായി ഒന്നും ആവശ്യമില്ല, മകളെ മാത്രം നൽകിയാൽ മതി എന്നാണ് യുവാവിന്റെ കുടുംബം പറഞ്ഞത്. എന്നാൽ മാസങ്ങൾക്ക് ശേഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് മൊഫിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. വളരെയധികം ബുദ്ധിമുട്ടുകളാണ് പെൺകുട്ടി സഹിച്ചത് എന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു മാസം മുൻപ് ഭർത്താവ് യുവതിയോട് മുത്ത്വലാഖ് ചൊല്ലിക്കൊണ്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ഭർതൃവീട്ടുകാർ വിവാഹ മോചനത്തിലേക്ക് നീങ്ങിയപ്പോഴാണ് യുവതി ആലുവ പോലീസിൽ പരാതി നൽകിയത്. എന്നാൽ ഒരു ഫലമുണ്ടായില്ല. ഇന്നലെ സിഐയുടെ നേതൃത്വത്തിൽ മദ്ധ്യസ്ഥ ചർച്ച നടത്തിയെങ്കിലും ഭർത്താവിന്റെ കുടുംബത്തിന്റെ പക്ഷം ചേർന്നാണ് പോലീസ് സംസാരിച്ചത് എന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. പരാതി നൽകിയപ്പോൾ ആലുവ സിഐ വളരെ മോശമായിട്ടാണ് തന്നോട് പെരുമാറിയത് എന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പിലും പറയുന്നു. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിലാണ് സിഐ സംസാരിച്ചത്. ഭർത്താവും വീട്ടുകാരും ക്രിമിനലുകളാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും ഇതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്നും യുവതി ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.