തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. ഇന്നലെയാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 29 ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് കോടതി സമയം നീട്ടി നല്‍കുകയായിരുന്നു.