ബെംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിത നോട്ടുകളുമായി കണ്ണൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മംഗളൂരുവിൽ പിടിയിൽ.കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൽ നസീർ എന്നിവരാണ് പിടിയിലായത്. അസാധുവാക്കിയ നോട്ടുകൾ ശിവമോഗ, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.കാറിൽ കടത്തുകയായിരുന്ന ഒരു കോടി 92 ലക്ഷത്തി അമ്പതിനായിരം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരിൽ നിന്നും പിടികൂടിയത്. അഡയാറിൽ നിന്ന് ലാൽബാഗിലേക്കുള്ള യാത്രാമധ്യേ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം. രണ്ട് ബാഗുകളിലായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.ഇലക്ട്രിക്കൽ കോൺട്രാക്ടറാണ് അറസ്റ്റിലായ ദീപക്. നസീറും സുബൈറും ഡ്രൈവർമാരാണ്. ആയിരം രൂപയുടെ 10 കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. 50 ശതമാനം മൂല്യമുള്ള പഴയ നോട്ടുകൾ ബാങ്ക് എടുക്കുമെന്ന് പ്രചരിപ്പിച്ച് ഇവർ ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടത്തിക്കൊണ്ട് വന്ന പണം സൂക്ഷിക്കാനാണ് മംഗളൂരുവിൽ എത്തിച്ചത്.